Wednesday, 18 June 2014

നിശ്ചയമായും നീ എന്നിൽ 
എഴുതി ചേർക്കപ്പെടേണ്ട 
ഒരു അദ്ധ്യായമായിരുന്നു 
നാം അതിനെ 
നിമിത്തമെന്നു വിളിക്കുന്നു 
ആവർത്തിച്ചു വായിക്കപ്പെട്ട് 
നിശ്ചിത കാലയളവിൽ 
മായ്ച്ചു കളയപ്പെടുകയും 
ചില ഓർമ്മപ്പാടുകൾ 
അവശേഷിക്കുകയും ചെയ്യുമ്പോൾ 
അതൊരു നിയോഗമായിരുന്നു
എന്നു നാം തിരിച്ചറിയുന്നു
കാലം നമുക്കിടയിൽ
എത്ര സുന്ദരമായ ഒരു ചിത്രം
വരച്ചു കഴിഞ്ഞിരിക്കുന്നു.....
എനിക്കും നിനക്കും മാത്രം
കാണാൻ കഴിയുന്ന
വർണ്ണങ്ങൾ വാരിവിതറിയ
ഒരു സുന്ദര ചിത്രം.....

Tuesday, 17 June 2014

ഞാന്‍ നനഞ്ഞു കുതിരുന്നുണ്ട്,
ഈ മഴയില്‍
അവിടെ നീയും..
എന്റെ കയ്യൊപ്പു ചാര്‍ത്തിയ മഴ
അവിടെ നിന്നെയാകെ നനക്കുന്നത്
എന്റെ ഓര്‍മ്മ പെയ്ത്തിലൂടെയാകാം
ആകെ കുളിര്‍ന്നു നീ
വിറകൊണ്ടൊരു പൂമരമായി
നിന്നപ്പോഴാണ്
നിനക്കെന്നോട് പ്രണയമെന്നും
നീ ഒരു നിശബ്ദ പ്രണയത്തിന്റെ
കാവല്ക്കാരനുമെന്ന്
 ആദ്യമായി നീ പറഞ്ഞത്
എന്നാല്‍ , ഏതോ മഴക്കാലം
അവള്‍ക്കു സമ്മാനിച്ചൊരു
പൂക്കാലത്തിന്റെ ഓര്‍മ്മകള്‍
മാത്രമാകാനായിരുന്നു
അവള്‍ക്കിഷ്ട്ടം.....

Monday, 16 June 2014

എട്ടുകാലി വല നെയ്യുന്നതുപോലെ 
ഞാന്‍ നിനക്ക് ചുറ്റും
ഒരുലോകം നെയ്തെടുക്കുകയാണ് 
അത്രയേറെ നേര്‍ത്ത 
സ്വപ്ന നൂലുകള്‍ക്ക്‌ 
എന്നെ നിന്നില്‍ ബന്ധിച്ചിടാനാകുമെന്ന്
ഞാനറിഞ്ഞതും 
മഴനൂലുകളായി നിന്നിലേക്ക്‌ 
പെയ്തിറങ്ങിയതും
എന്നുമുതലാണ്‌?

അല്പ നേരത്തിനുള്ളില്‍
ജീവന്‍ പൊലിഞ്ഞു പോകുമെന്നറിയാതെ
ഒരു ചെറുതിരി വെട്ടത്തിനു ചുറ്റും
ചിലപ്പോഴൊക്കെ ഉല്ലാസത്തോടെ
പറന്നു നടക്കാറുണ്ട് നാം,
ചില മഴപ്പാറ്റകളെ പോലെ......

Friday, 13 June 2014

 ഈ പെരുമഴയിൽ,മുറ്റത്തെ
ചെളിവെള്ളം തട്ടിതെറിപ്പിച്ച്
കുട്ടിക്കാലത്തിലേക്ക് ഓടിയിറങ്ങണം

തണുപ്പേറുമ്പോൾ കൈകൾ കൂട്ടിപിടിച്ചു
ചുണ്ടുകൾ വിറച്ച്‌
ബാല്യത്തെ തൊട്ട്നില്ക്കേണം
 
മുടിയിഴകളിലൂടെ ഊർന്നിറങ്ങുന്ന
മഴത്തുള്ളിയിൽ
മഴവില്ല് കാണണം

ചേമ്പിലയിൽ തുള്ളാതെ തുളുംബാതെ
ഒരു കുടന്ന വെള്ളം,
മഴയിൽ നനയാൻ മടിഞ്ഞിരിക്കും
നിന്റെ നെറുകയിൽ തൂവണം

പിന്നെ പാവാട തുമ്പിൽ നിന്നിറ്റു വീഴും
വെള്ളത്തുള്ളികളാലിറയത്ത്
ഓർമ്മകളുടെ കളം വരക്കണം

പിന്നെയീറൻ മാറി, തലതോർത്തി
രാസ്നാദി ഗന്ധം പേറുമൊരു
ബാല്യത്തിൻ കരിമ്പടം പുതച്ച് ,
ഒരിക്കലും തിരിച്ചു കിട്ടാത്ത
തണുപ്പും മഴവില്ലും
സ്വപ്നം കണ്ടങ്ങിനെ...........





Thursday, 12 June 2014

അയാള്‍ നടന്നടുത്തത് നിലാവിലൂടെയായിരുന്നു
എങ്കിലുമാ കണ്ണുകള്‍ അതി തീക്ഷ്ണമായ
രണ്ടഗ്നി ഗോളങ്ങള്‍ പോലെ ജ്വലിച്ചിരുന്നു
അയാള്‍ അവളെ നടത്തിയത്
സ്വപ്നങ്ങളിലൂടെ ആയിരുന്നു
എന്നിട്ടും ആ കണ്ണുകള്‍ അവളില്‍
കനലുകള്‍ കോരിയിട്ടിരുന്നു
ചിന്തകള്‍ ചാരം മൂടിയും
സ്വപ്നങ്ങളിലെ നിറങ്ങള്‍ മാഞ്ഞും
ഒരര്‍ദ്ധ മയക്കത്തില്‍ അവളുണര്‍ന്നത്
നിലാവ് മാഞ്ഞൊരു രാത്രിയിലേക്കായിരുന്നു.....
നീല വിരിപ്പിട്ട, ഈ ഒറ്റജാലക വാതിലിന്‍ കാഴചകള്‍ 
കഴുകുന്നു എന്നിലെ മൌനത്തെ..... 
നിറയ്ക്കുന്നു എന്റെ ശൂന്യതയെ.....
പകര്‍ത്തുന്നു എന്റെ നിശബ്ദതയെ......