Sunday, 6 July 2014

പെണ്ണ് 
----------
ചിലപ്പോഴൊക്കെ അവൾ 
തേങ്ങി പോകാറുണ്ട് 
വർഷമേഘം പോലെ 
പെയ്തു തോരാനിഷ്ട്ടമില്ലാതെ 
ചങ്കിലൊതുക്കിയടുക്കിയ 
സങ്കടവീണ ആരോ മീട്ടിയതുപോലെ 
നേർത്തൊരു തേങ്ങൽ 

ചിലപ്പോഴൊക്കെ അവൾ
തൂവിപോകാറുണ്ട്
കൈതട്ടി കുങ്കുമചെപ്പു
വീണു തൂവിയതുപോലെ
രക്തവർണ്ണം പടർത്തി
നെഞ്ചിൽ വീണ പോറലുകളിലത്രയും
ചോര പൊടിഞ്ഞിങ്ങനെ

എങ്കിലുമവളൊരു പെണ്ണത്രേ
തേങ്ങലിലുമൊരു മൂളിപ്പാട്ടുവേണം
മുറിവുകൾ പതുക്കെ
സ്വയം കഴുകിത്തുടച്ചു
പുഞ്ചിരി പുരട്ടി വയ്ക്കേണം
അവൾ അമ്മയത്രേ, ഭാര്യയത്രേ
അവളോളം അവളാകുവാൻ
അവൾക്കു മാത്രമേ കഴിയൂ
നീയും അവനും 
--------------------------
നിനക്കും അവനുമിടയിൽ 
പൊതുവായി ഒന്നുമില്ല 
നീ മനസ്സിലേക്ക് പൊഴിഞ്ഞു വീഴുന്നത് 
സ്നേഹതൂവലുകൾ പോലെയാണ് 
എന്നാൽ മനസ്സിന്റെ ചില 
ഇരുണ്ട കോണുകൾ പ്രകാശിപ്പിക്കുന്നത് 
അവനു മാത്രം കഴിയുന്നതും 
നീ ഒരു കാറ്റായി പൊതിയുന്നു 
ചുറ്റും സ്നേഹത്തിന്റെ സുഗന്ധം മാത്രം
അവൻ നിറയ്ക്കുന്നത് നൊമ്പരങ്ങൾ മാത്രം
പൊതിയുന്നത് കൊടുങ്കാറ്റായും
എന്നിട്ടും ഓർമ്മകളിൽ
നിന്നോടൊപ്പം അവനും
വിരഹങ്ങളിൽ അവനോടൊപ്പം നീയും
നിനക്കും അവനുമിടയിൽ
പൊതുവായി ഞാൻ, ഞാൻ മാത്രം
ഞാന്‍ സ്വപ്നങ്ങളിലൂടെ നടക്കാറുണ്ട് 
നിലാവു പുതച്ചുറങ്ങും
സ്വപ്നങ്ങളിലൂടെ 
അപ്പോഴൊക്കെയും നീ 
സ്വപ്നങ്ങളില്ലാത്ത ഉറക്കത്തിലാണ് 

ഞാൻ മൌനവുമായി കൂട്ടുകൂടാറുണ്ട് 
അപ്പോഴൊക്കെയും നീ പതിവില്ലാതെ 
വാചാലനാകാറുണ്ട് 

ഞാൻ അരികിലെത്തുമ്പോൾ
നീ എകാന്തതയ്ക്കു
കൂട്ടിരിക്കുന്നവനും
ഞാൻ നിശബ്ദത സ്വപ്നം കാണുമ്പോൾ
നീ കലമ്പൽ കൂട്ടുന്നവനും

വഴിക്കൂട്ടു ചോദിക്കുമ്പോൾ
നീ ഒറ്റയ്ക്ക് വിടുന്നവനും
നിന്റെ കൂട്ടിനെത്തുമ്പോൾ
നീ തനിയെ പോകുന്നവനും

നമ്മളെന്നും ഇങ്ങിനെയാണ്‌
നമുക്കിടയിൽ കലഹമില്ല
നീ എന്നിൽ നിന്നും
ഞാൻ നിന്നിൽ നിന്നും
സ്വതന്ത്രരാണ്...
കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലെ മഴയ്ക്ക്
സൗന്ദര്യമില്ല 
അവൾ നാണം കുണുങ്ങിയല്ല 
ഉയരങ്ങളിൽ നിന്നും ഗർവ്വോടെ 
താഴേക്ക്‌ 
അല്ലെങ്കിൽ നിശ്ചയിക്കപ്പെട്ട 
ഓവു ചാലുകളിലൂടെ 
നിശബ്ദമായി...
പണ്ട്, ഓടു മേഞ്ഞ പൂമുഖങ്ങളിലിരുന്ന് 
നാം കണ്ടിരുന്ന 
നിരയായി വീഴുന്ന
കനമുള്ള മഴനൂലുകൾ
നമ്മുടെ മനസ്സുകളിലേക്കാണ്
പെയ്തിറങ്ങിയിരുന്നത്
അവിടെ തണുപ്പും ഗൃഹാതുരത്വവുമായി
പെയ്തു നിറഞ്ഞ്
ഒരു മഴക്കാലത്തിന്റെ
നനവും കുളിരുമുള്ള ഓർമ്മക്കാലം
നമുക്ക് സമ്മാനിച്ചത്,
നാം ഉമ്മറതിണ്ണയിൽ നിന്നും
കൈനീട്ടിയെത്തിച്ച്
കൈവെള്ളയിൽ വീണുതെറിച്ച്
മുഖത്തു ചിതറിവീണ
ആ മഴനൂലുകളായിരുന്നു.........